07:34pm 18 May 2026
NEWS
വിവാഹവാഗ്ദാനം നൽകി ലൈംഗികവേഴ്ച നടത്തിയ ശേഷം മുങ്ങിക്കളഞ്ഞയാൾ അറസ്റ്റിലായി
17/05/2026  08:18 PM IST
nila
വിവാഹവാഗ്ദാനം നൽകി ലൈംഗികവേഴ്ച നടത്തിയ ശേഷം മുങ്ങിക്കളഞ്ഞയാൾ അറസ്റ്റിലായി

ചെങ്ങന്നൂർ:വിവാഹവാഗ്ദാനം നൽകി ലൈംഗികവേഴ്ച നടത്തിയ ശേഷം മുങ്ങിക്കളഞ്ഞയാൾ അറസ്റ്റിലായി. തൃശ്ശൂർ ജില്ലയിൽ ചാവക്കാട്   പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുവല്ലൂർ , പുതിയവീട്ടിൽ കൊട്ടിലിങ്ങൽ വീട്ടിൽ  സലീം.പി.കെ (48) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്.  ചെങ്ങന്നൂർ സ്വദേശിയായ മദ്ധ്യവയസ്കയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടാനായത്. 2020 ൽ സോഷ്യൽ മീഡിയയിൽ നൽകിയ വിവാഹ പരസ്യത്തിൽ നിന്നും ഫോൺ നമ്പർ ശേഖരിച്ച് അതുവഴി കേസിലെ പരാതിക്കാരിയെയും ബന്ധുക്കളെയും ഫോൺ വിളിച്ച് പരിചയം സ്ഥാപിച്ച പ്രതി പരാതിക്കാരിയുമായി പ്രണയം നടിച്ച്  രണ്ടുമൂന്നു വർഷക്കാലത്തോളം ഫോൺ വഴിയുള്ള ബന്ധം നിലനിർത്തി.  താൻ വിവാഹമോചിതനാണെന്നും ഒരു മകൾ തനിക്കുണ്ടെന്നും തനിക്കൊരു കൂട്ട് ആവശ്യമാണെന്നും മറ്റും പറഞ്ഞ് വിദേശത്തായിരുന്ന പ്രതി പരാതിക്കാരിയെയും ബന്ധുക്കളെയും സംസാരിച്ച് വിശ്വാസത്തിലെടുക്കുകയായിരുന്നു.  ഇയാളും പരാതിക്കാരിയും തമ്മിൽ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല.  പിന്നീട് വീഡിയോകോളിലൂടെ കണ്ടപ്പോൾ തന്നെക്കാളും വളരെയധികം സുമുഖനായതിനാൽ  താനുമായി ചേരില്ല എന്ന് മനസ്സിലാക്കിയ പരാതിക്കാരി   ബന്ധം അവസാനിപ്പിക്കാൻ പലതവണ നിർബന്ധിച്ചിട്ടും പല കള്ളത്തരങ്ങളും പറഞ്ഞ് പ്രതി ഈ സ്ത്രീയെയും ബന്ധുക്കളെയും വിശ്വാസത്തിലെടുത്ത്  ഫോൺ വഴി ബന്ധം നിലനിർത്തി.  പിന്നീട് 2024 മാർച്ചിൽ നാട്ടിലെത്തിയെന്നും നേരിട്ട് കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നും തിരികെ പോകുന്നതിന് മുമ്പ് വിവാഹം നടത്തുമെന്നും സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ച ഇയാൾ   ആ മാസത്തിലൊരു ദിവസം സന്ധ്യയോടെ നേരിട്ടു കാണാനെന്ന വ്യാജേന വീട്ടിൽ എത്തുകയും അന്നേ ദിവസം ആ വീട്ടിൽ താമസിക്കുകയും, അടുത്ത ദിവസങ്ങളിൽ തന്നെ ബന്ധുക്കളുമായി വന്ന് വിവാഹം ഉറപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നിർബന്ധപൂർവ്വം പരാതിക്കാരിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.   തൊട്ടടുത്ത ദിവസം തിരികെ പോയ പ്രതി പല കള്ളത്തരങ്ങളും പറഞ്ഞ്  പരാതിക്കാരിയിൽ നിന്നും ഒഴിവായി നിന്നു. പിന്നീട്  പ്രതി അയാളുടെ ഭാര്യയും മക്കളുമായി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ആയത് ചോദിച്ചതിനെത്തുടർന്ന് പ്രതി പരാതിക്കാരിയുമായുള്ള ഫോൺ ബന്ധം അവസാനിപ്പിച്ചു.   ഇയാൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ പരാതിക്കാരി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയായിരുന്നു. സ്ത്രീകളെ ഫോൺ മുഖാന്തിരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി വിശ്വാസത്തിലെടുത്ത് വലയിലാക്കിയ ശേഷം ലൈംഗികമായി ഉപയോഗിച്ച് കടന്നുകളയുന്ന സ്വഭാവക്കാരനായ പ്രതി വിവിധ സ്ഥലങ്ങളിൽ ഇതേമാതിരിയുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായും അപമാനഭയത്താൽ പലരും പരാതിപ്പെടാതിരിക്കുന്നതാകാമെന്നും സംശയിക്കുന്നു.  വിദേശത്തു നിന്നും നാട്ടിലെത്തിയതായി അറിഞ്ഞതിനെത്തുടർന്ന് പ്രതിയെ പിടികൂടുന്നതിനു് പ്രത്യേക  സംഘം രൂപീകരിച്ച്  അന്വേഷണം നടത്തിവരികയായിരുന്നു.   സ്ത്രീസമ്പർക്കത്തിൽ തൽപരനായ പ്രതിയെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ വനിതാപോലീസുദ്യോഗസ്ഥർ  വേറെ പേരുകളിൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചാണ് ഇപ്പോൾ വലയിലാക്കാനായത്. ചെങ്ങന്നൂർ ഡിവൈ എസ് പി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. രെഗീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.  അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ. യെ കൂടാതെ എസ്.ഐ. സജികുമാർ, എ.എസ്.ഐ. മാരായ ഹരി കുമാർ, അജിത് കുമാർ,  സീനിയർ സിപിഒ മാരായ ശ്യാം കുമാർ, അനി,  സിപിഒ മാരായ രജനി, വിബിൻ കെ. ദാസ്, ബിജോഷ്  എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img